Featured

പുസ്തകങ്ങളെ സ്നേഹിച്ച ജനത

കോവിഡ് മഹാമാരി വിതച്ച ഒറ്റപെടലുകൾ. ഡിജിറ്റൽ മീറ്റിംഗുകളും , വീശിയടിക്കുന്ന മഞ്ഞിൽ പൊതിഞ്ഞ ,കൊടും തണുപ്പ് മൂടിയ കാറ്റും ,ഇരുണ്ട കാലാവസ്ഥയും എല്ലാം ഒരു പക്ഷെ ഈ നാളുകളിലെ ജീവിതം ദുസ്സഹമാക്കുന്നു.

ഈ ഇരുണ്ട കാലാവസ്ഥയിലും എപ്പൊഴും സന്തോഷത്തോടു കൂടി കാണപ്പെടുന്ന സ്വീഡിഷ് ജനതയുടെ സന്തോഷത്തിനു പിന്നിൽ എന്താണ് ? . ലോക സന്തോഷത്തിന്റെ തന്നെ അളവുകോൽ എടുത്തു നോക്കിയാൽ മുൻപന്തിയിൽ നിൽക്കുന്ന സ്കാന്ഡിനേവിയൻ ജനതയുടെ സന്തോഷത്തിന്റെ , ഉയർന്ന ചിന്താഗതിയുടെ പിന്നിൽ എന്തൊക്കെ കാരണങ്ങൾ ആയിരിക്കാം.

പുസ്തകങ്ങളെ സ്നേഹിച്ച ജനത. ഒരുപക്ഷെ മറ്റു ലോകരാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി പുസ്തക വായന ജീവിതത്തിന്റെ ഭാഗമാക്കിയവർ.

പുസ്തകങ്ങൾ ആയിരിക്കുമോ ഇവരുടെ സന്തോഷത്തിന്റെ ,എപ്പൊഴും ചിരിച്ചുകൊണ്ട് കാര്യങ്ങളെ സമീപിക്കുന്നതിന്റെ പിന്നിലെ രഹസ്യം .. അറിയില്ല ..!!

ഒരുപക്ഷെ നമ്മുടെ നാട്ടിൽ അന്യം നിന്ന് പോകുന്ന ഒന്നാണ് വായനശാലകൾ. മുൻപ് ഓരോ ഗ്രാമങ്ങളിലും വായനശാലകൾ ഉണ്ടായിരുന്ന ഇടത്ത് ടെലിവിഷന്റെയും മൊബൈൽ ഫോണിന്റെയും ഇന്റർ നെറ്റിന്റെയും സോഷ്യൽ മീഡിയയുടെയും ഒക്കെ വരവോടുകൂടി വായനശാലകൾ ക്ഷയിച്ചു തുടങ്ങി .

ഇന്നത്തെ എന്റെ സായാഹ്‌ന യാത്ര സ്റ്റോക്ക്ഹോം സിറ്റി ലൈബ്രറിയിലേക്കാണ്. ഓറഞ്ചു നിറം പൂശി മഞ്ഞിൽ തലയെടുപ്പോടെ നിൽക്കുന്ന സിറ്റി ലൈബ്രറി സ്റ്റോക്ക്ഹോമിലെ ഏറ്റവും വലിയ ലൈബ്രറി ആണ്. നൂറിൽ പരം ഭാഷകളിലായി ആയിരകണക്കിന് പുസ്തകങ്ങൾകൊണ്ട് നിറച്ച ഈ ലൈബ്രറി അക്ഷരാർത്ഥത്തിൽ നമ്മളെ ഞെട്ടിച്ചു കളയും.

സ്വീഡിഷ് ആർകിടെക്ട് ഗുന്നാർ ആസ്പ്ലണ്ട് രൂപകൽപ്പന ചെയ്ത് 1928 ൽ പൂർത്തീകരിച്ച ഈ ലൈബ്രറി, നവ-ക്ലാസിക്കൽ വാസ്തുവിദ്യയുള്ള സ്റ്റോക്ക്ഹോമിലെ ഏറ്റവും മനോഹരമായ കെട്ടിടങ്ങളിലൊന്നാണ്. ഒരുപക്ഷെ ലോകത്തിലെ ഏറ്റവും മനോഹരമായ ലൈബ്രറി എന്ന് വേണമെങ്കിൽ പറയാം.

ലൈബ്രറിയുടെ ഏറ്റവും പ്രധാന ആകർഷണം 360 ഡിഗ്രിയിൽ വൃത്താകൃതിയിൽ ഒരുക്കിയിരിക്കുന്ന പ്രധാന കെട്ടിടം തന്നെ. എവിടെ തിരിഞ്ഞാലും പുസ്തകങ്ങൾ. കുട്ടികളിൽ വായനാ ശീലം വളർത്തുവാൻ കുട്ടികൾക്കായി പ്രത്യേക ഇടങ്ങൾ. പുസ്തകങ്ങൾ അവിടെ ഇരുന്നു വായിക്കുവാൻ പ്രത്യേകം ഇരിപ്പിടങ്ങൾ.എന്ന് വേണ്ട ഒരു പുസ്തക പ്രേമിക്കു വേണ്ട എല്ലാ കാര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

സ്റ്റോക്ക്ഹോം നഗരത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയുന്ന സിറ്റി ലൈബ്രറിയുടെ കാഴ്ചകൾക്ക് വിരാമം ഇട്ടുകൊണ്ട് പുറത്തേക്കു
ഇറങ്ങുമ്പോൾ തണുപ്പ് എല്ലിലെക്കു അരിച്ചിറങ്ങി തുടങ്ങിയിരുന്നു. തണുപ്പിനെ വകവെക്കാതെ മഞ്ഞിൽ കുളിച്ചു നിൽക്കുന്ന ആ ലൈബ്രറിയുടെ മനോഹര കാഴ്ചകൾ പകർത്തി
ഞാൻ വീട് ലക്ഷ്യമാക്കി നടന്നകന്നു.

Featured

മതിലുകൾക്കു നമ്മോടു പറയുവാനുള്ളത് ❤️

രണ്ടായിരത്തി പതിനെട്ടിൽ ആണ് രണ്ടു ജനതകളെ വേർപിരിച്ച മതില് കാണാൻ ജർമൻ തലസ്ഥാനമായ ബെർലിനിലേക്ക് യാത്ര പോകുന്നത്. സ്വന്തം രാജ്യത്തെ ജനങ്ങൾ രാജ്യം വിടാതിരിക്കാൻ കെട്ടിഉയർത്തിയ ബെർലിൻ മതിൽ ഒരു പക്ഷെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും അടിച്ചമർത്തലിന്റെയും കഥകൾ കഥകൾ ആണ് നമ്മോടു പറയുവാനുള്ളത്.

എന്നാൽ കൊടും മഞ്ഞും തണുപ്പും അനുഭവപ്പെടുന്ന സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ക്ഹോമിലെ മതിലിനു പറയാനുള്ളത് സ്നേഹത്തിന്റെ ,കരുതലിന്റെ ,കാരുണ്യത്തിന്റെയും കഥകൾ ആണ്.

കൊടും ശൈത്യം താങ്ങാനാവാതെ ആരും കഷ്ടപ്പെടരുത് എന്ന തീരുമാനം ചെന്നെത്തിച്ചത് ഒരു കരുണയുടെ മതിൽ നിർമാണത്തിലാണ്. “Wall Of Kindness ” വീട്ടിൽ ഉപയോഗ ശൂന്യമായ കമ്പിളി വസ്ത്രങ്ങൾ ഈ മതിലിൽ തൂക്കി ഇട്ടാൽ തണുപ്പിൽ കഷ്ടപ്പെടുന്ന നമ്മുടെ സഹജീവികൾക്ക് യഥേഷ്ടം എടുത്തുകൊണ്ടുപോയി ഉപയോഗിക്കാം.

സ്നേഹത്തിന്റെ ഈ മതിൽ നാടെങ്ങും ഉയരട്ടെ❤️

Featured

പടയപ്പ ,സേനാധിപതി ,പട്ടാഭി ഇവരൊക്കെയായിരുന്നൊ എന്റെ ഹീറോസ്?

രാവിലെ ഉണർന്നപ്പോൾ ജനാലയിലൂടെ കണ്ടത് മഞ്ഞു മൂടിയ മനോഹര പ്രഭാതമാണ് .കൊറോണ കാലമായത് കൊണ്ട് മഞ്ഞിൽ ഇറങ്ങാതെ വീട്ടിനുള്ളിൽ കഴിച്ചു കൂട്ടാം എന്നതാണ് മെച്ചം.

പഠിക്കുന്ന കാലത്തു തണുപ്പെന്നാൽ ഊട്ടി അല്ലെങ്കിൽ കൊടൈക്കനാൽ ആയിരുന്നു. ഊട്ടിയിലെ തണുപ്പൊക്കെ ആയിരുന്നു അന്നത്തെ കാലത്തേ തണുപ്പ്. ഊട്ടി ആയിരുന്നു അന്നത്തെ എന്റെ സ്വിസ്സർലാൻഡ്.


കോയമ്പത്തൂരിൽ കോളേജിൽ പഠിക്കുമ്പോൾ ആയിരുന്നു ആദ്യമായി കൊടൈക്കനാൽ പോകുന്നത്. കോയമ്പത്തൂർ ഉക്കടം ബസ് സ്റ്റാൻഡിൽ ചെന്ന് ഒരു മഹിന്ദ്ര വാൻ വാടകക്ക് എടുത്തു പത്തു പതിനഞ്ചു പേർ നേരെ കൊടൈക്കനാലിലേക്കു. അതും ഇന്റർനൽ എക്സാം പാടെ ബഹിഷ്കരിച്ചുകൊണ്ടു കൊടൈക്കനാൽ ട്രിപ്പ്. വാൻ പൊള്ളാച്ചി ഉദുമൽ പെട്ട വഴി നേരെ കൊയ്‌ക്കനാലിലേക്കു വെച്ചു പിടിച്ചു.

കോയമ്പത്തൂർ – പൊള്ളാച്ചി റൂട്ട് എന്നും ഒരു മനോഹര ഓർമ്മയാണ്. നാട്ടിൽ ബി എസ്‌ സി ഒക്കെ പഠിച്ചിട്ടു , കമ്പ്യൂട്ടർ പടത്തിൽ പോലും കണ്ടിട്ടില്ലാത്ത ഞാൻ ,കമ്പ്യൂട്ടർ ലോകം വെട്ടി പിടിക്കാൻ കോയമ്പത്തൂരിൽ എം സി എ ക്കു ചേർന്ന കാലം. ആദ്യ സെമസ്റ്റർ റിസൾട്ട് വന്നപ്പോൾ പുസ്തക താളുകളിൽ ഞാൻ പഠിച്ച കമ്പ്യൂട്ടർ അല്ല ശരിക്കും ഉള്ള കംപ്യൂട്ടർ എന്ന തിരിച്ചറിവുണ്ടായി.

ജനിച്ചതിൽ പിന്നെ ബനിയൻ അലക്കാത്ത, കൈ കഴുകുന്നത് അലർജി ആണെന്ന് വിശ്വസിക്കുന്ന , കുളിക്കുന്നത് പാപം കരുതുന്ന ‘പടയപ്പ’ (വിളിപ്പേര് ആണ് ശരിക്കുമുള്ള പേര് അവനുപോലും അറിയില്ല) വിളമ്പുന്ന ചപ്പാത്തിയും ഊത്തപ്പവും തൈര് സാദവും ആർത്തിയോടെ കഴിച്ചു ഹോസ്റ്റൽ വരാന്തയിൽ ഏമ്പക്കവും വിട്ടു ,ആദ്യ സെമസ്റ്റർ റിസൾട്ടും ഓർത്തു ,ഇനിയെന്ത് എന്ന് ചിന്തിച്ചു വിഷാദനായി ഇരിക്കുന്ന സമയം.

പെട്ടന്നാണ് പിന്നിൽ നിന്നും ദേവദൂദനെ പോലെ തമിഴ് മലയാളം കലർന്ന ഒരു ശബ്ദം കേട്ടത് പാലക്കാടു ഗോപാലപുരംകാരൻ , ക്ലാസ് മേറ്റ് ‘ പട്ടാഭിസീതരാമൻ ‘ ഒരു ഐഡിയയുമായി വന്നിരിക്കുന്നു. തോറ്റ വിഷയങ്ങൾക്ക് നമുക്ക് പൊള്ളാച്ചിയിൽ ട്യൂഷന് പോകാം. കമ്പ്യൂട്ടർ ലോകത്തെ ഭാഷയായ സി , സി പ്ലസ് പ്ലസ് ഒക്കെ പഠിപ്പിക്കുന്ന ഒരു വാധ്യാർ കക്ഷിയുടെ പരിചയത്തിൽ പൊള്ളാച്ചിയിൽ ഉണ്ട്. പേര് ‘സേനാധിപതി’. 600 ഇന്ത്യൻ മണീസ് ഇറക്കിയാൽ ഒരു സെമസ്റ്റർ പഠിപ്പിക്കും. അത് വെച്ച് പഠിച്ചു പഠിച്ചു കയറാം. കംപ്യൂട്ടർ ലോകത്ത് വെട്ടി പിടിക്കാൻ ഉള്ളത് നോക്കുമ്പോൾ പോകുന്ന 600 വെറും തുശ്ചമായ തുക . ചിത്രത്തിൽ ശ്രീനിവാസൻ മണിയൻപിള്ള രാജുവിനോട് പറയുന്നപോലെ ഞാനും മനസ്സിൽ പിറുപിറുത്തു ‘ ഐഡിയ ഒരു അളവുക്കു പറവയില്ലേ.. ‘ പോരാഞ്ഞു സാറിന്റെ പേരും കൊള്ളാം ‘സേനാധിപതി’ . അടുത്ത യുദ്ധത്തിന് ഈ സേനാധിപതിയുടെ ശിക്ഷണത്തിൽ പടവെട്ടുന്ന രംഗം ഓർത്തു ഞാൻ ദൃതങ്കപുളകിതൻ ആയി. ഞാൻ പൊളിച്ചടുക്കും. അതും പോരാഞ്ഞു അന്നത്തെ കാലത്തു മലയാള സിനിമയിൽ കൂടി മാത്രം കണ്ടിരുന്ന പൊള്ളാച്ചി ഒന്ന് നേരിൽ കാണുകയും ആവാം. “അങ്കോം പഠിക്കാം പൊള്ളാച്ചിയും കാണാം “..

‘പച്ചയ് നിറമെ പച്ചൈ നിറമെ’ … കോയമ്പത്തൂർ പൊള്ളാച്ചി ബസ്സിന്റെ സീറ്റിനടിയിൽ വെച്ചിരിക്കുന്ന എമണ്ടൻ ബോക്സിൽ നിന്നും അന്നത്തെ തമിഴ് ഹിറ്റ് പാട്ടുകൾ ഉയർന്നു പൊങ്ങുന്നു. പാട്ടിനൊപ്പം ഞാനും മുകളിലോട്ടും താഴോട്ടും ഉയർന്നു താഴുന്നു. ഏതാണ്ട് വീഗാലാന്റിൽ ജയന്റ് വീലിൽ കയറിയ അവസ്ഥ. പൊള്ളാച്ചി നഗരത്തിൽ സേനധിപതി സാറിന്റെ ശിക്ഷണത്തിൽ അങ്കംവെട്ടു പഠിയ്ക്കാൻ ഉള്ള പോക്കാണ്.

തമിഴ് നാട്ടിലെ മറ്റു സ്ഥലങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമാണ് പൊള്ളാച്ചി. തെങ്ങും തോപ്പുകളും ധാരാളം പച്ചപ്പും നിറഞ്ഞ മനോഹരമായ നാട്. ഒറ്റ നോട്ടത്തിൽ കേരളം ആണെന്ന് തോന്നും. അന്നത്തെ ഹിറ്റ് തമിഴ് പാട്ടുകൾ സ്പോട്ടിഫൈ ആപ്പിൽ കേട്ടുകൊണ്ട് ഇത് എഴുതുമ്പോഴും ഞാൻ അറിയാതെ ഉയർന്നു താഴുന്നുണ്ടായിരുന്നു.

പോള്ളാച്ചി അങ്ങനെയാണ്. പൊള്ളാച്ചി എന്ന് കേട്ടാൽ പിന്നെ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ എന്നാണ് പ്രമാണം. കഴിഞ്ഞ ആഴ്ച നമ്മുടെ പട്ടാഭിസീതരാമൻ വാട്സാപ്പിൽ പുതുവത്സര ആശംസകൾ അറിയിച്ചിരുന്നു. കക്ഷി ഇപ്പോൾ കമ്പ്യൂട്ടർ ജോലി ഒക്കെ ഉപേക്ഷിച്ചു സ്വന്തമായി വെളിച്ചെണ്ണ മില്ലും ഒക്കെ നടത്തി അടിച്ചു പൊളിക്കുന്നു.ഞാൻ ഇന്നും കംപ്യൂട്ടറിന്റെ പേരും പറഞ്ഞു സായിപ്പിനെ പറ്റിച്ചു ജീവിക്കുന്നു. നാട്ടിൽ ചെല്ലുമ്പോൾ പൊള്ളാച്ചിചിയിൽ വരാം എന്ന് ഞാൻ മറുപടിയും അയച്ചു.

പൊള്ളാച്ചിയെ പറ്റി പറഞ്ഞു വെറുതെ നൊസ്റ്റു അടിച്ചത് മിച്ചം. അല്ലെങ്കിൽ നമ്മൾ എപ്പോഴേ കൊടൈക്കനാൽ എത്തിയേനെ.അപ്പോൾ നമ്മുടെ കൊടൈക്കനാൽ യാത്രയിലേക്ക് …

രാത്രി പന്ത്രണ്ടു മണിക്ക് കൊടൈക്കനാലിലെ ഏതോ റിസോർട്ടിൽ കയറി ചെന്ന് അവിടുത്തെ മാനേജർ അണ്ണാച്ചിയുമായി റൂമിനായി വിലപേശൽ തുടങ്ങി. കൂട്ടത്തിൽ പഠിക്കുന്ന ‘തമ്മനം’ എന്ന് വിളിക്കുന്ന കൊച്ചി തമ്മനം കാരൻ സജു ആയിരുന്നു എല്ലാർക്കുമായി വിലപേശിയത് . പഞ്ചഗുസ്തിയിൽ അവസാനം വരെ പിടിച്ചു നിന്നിട്ടു അടിയറവു പറയുന്നപോലെ റിസോർട്ടിലെ മാനേജർ അണ്ണാച്ചി തമ്മനത്തിന്റെ മുന്നിൽ അടിയറവു പറഞ്ഞു. വെറും പത്തു രൂപയിലായിരുന്നു അവസാന ഘട്ട പോരാട്ടം എങ്കിലും തമ്മനം ജയിച്ചു ,അണ്ണാച്ചി തോറ്റു .

കൊടൈക്കനാൽ ട്രിപ്പ് വൻ വിജയം ആയിരുന്നു എങ്കിലും യൂദാസുമാർ യേശുക്രിസ്തുവിന്റെ കാലത്തു മാത്രമല്ല ഈ കമ്പ്യൂട്ടർ യുഗത്തിലും ഉണ്ട് എന്ന തിരിച്ചറിവാണ് കൊടൈക്കനാൽ ട്രിപ്പ് കഴിഞ്ഞു ക്‌ളാസിൽ വന്നപ്പോൾ പഠിച്ച ഏറ്റവും വലിയ പാഠം. തമ്മനതിന്റെ ബലത്തിൽ അണ്ണാച്ചിയെ തോൽപ്പിച്ചു എങ്കിലും ഇന്റേണൽ മാർക്കിൽ‌ തോൽവികൾ ഏറ്റു വാങ്ങാൻ ആയിരുന്നു ഞങ്ങളുടെ വിധി.

അതിനെല്ലാം പുറമെ എക്‌സാമിന്റെ ഉത്തരങ്ങൾ അഞ്ചു തവണ വീതം എഴുതി സമർപ്പിച്ചിട്ടു ക്‌ളാസിൽ കയറിയാൽ മതി എന്ന് കണിശക്കാരനായ ഈ കെ സാറിന്റെ വക നിർദേശവും. ഫൈനൽ ഇയർ ആയിരുന്നതുകൊണ്ട്, “പശു എത്ര പുല്ലു കണ്ടതാ ” എന്ന ലൈനിൽ ഞങ്ങൾ ആ പണി ജൂനിയർ കുട്ടികൾക്ക് വീതിച്ചു കൊടുത്തു. അങ്ങനെ ആദ്യ കൊടൈക്കനാൽ ട്രിപ്പ് വലിയ പരിക്കില്ലാതെ കഴിഞ്ഞു പോയി.

പഠിത്തം ഒക്കെ കഴിഞ്ഞു ജോലി ഒക്കെ കിട്ടി കഴിഞ്ഞപ്പോൾ ഊട്ടിയിലെയും കൊടൈക്കനാലിലെയും തണുപ്പ് പോരാ എന്നൊരു തോന്നൽ. പോരാഞ്ഞിട്ട് സൗത്ത് ഇന്ത്യയിൽ മാത്രം യാത്ര ചെയ്തിരുന്ന എനിക്ക് എന്റെ മേച്ചിൽ പുറങ്ങൾ നോർത്തിലേക്കും വ്യാപിപ്പിക്കേണം എന്നൊരു മോഹം. ഓസ്ട്രേലിയ ദുബായ് ഖത്തർ ഒക്കെ പോയിട്ടുണ്ടെങ്കിലും ‘ന്യൂഡൽഹി ‘ യും ഞാനുമായി ആകെയുള്ള ബന്ധം മമ്മൂട്ടിയുടെ ‘ന്യൂഡെൽഹി’ ഒരു പത്തു തവണയെങ്കിലും കണ്ടിട്ടുണ്ട് എന്നത് മാത്രം. സ്‌ക്രീനിൽ നിറഞ്ഞാടുന്ന മമ്മൂട്ടിയുടെ ജി കൃഷ്ണമൂർത്തിയും ,സുമലതയുടെ മരിയ ഫെർണാണ്ടസും ,ത്യാഗരാജന്റെ വിഷ്ണുവും കുളിരു കോരി ഇടും എങ്കിലും ഇന്ത്യക്കാരൻ ആയിട്ടു ഡൽഹി കണ്ടിട്ടില്ല എന്ന് പറഞ്ഞാൽ ആളുകൾ എന്ത് വിചാരിക്കും എന്ന് ഞാനും കരുതി.

രണ്ടായിരത്തി പതിനാറിലാണ് മഞ്ഞു കാണേണം എന്ന അത്യാഗ്രഹം കൊണ്ട് ഡൽഹി വഴി കുളു മണാലിക്ക് വണ്ടി കയറുന്നത്. മഞ്ഞിൽ തൊടണം ,മഞ്ഞിൽ നിന്ന് പടം പിടിക്കേണം , അതൊക്കെയാണ് സാറേ മെയിൻ . സീസൺ അല്ലാത്തത് കൊണ്ട് റോത്താങ് പാസിൽ മാത്രം പോയാൽ മഞ്ഞു കാണാം. അന്നത്തെ ഗ്രീൻ ട്രബ്യുണൽ എന്റെ മഞ്ഞു മോഹത്തിൽ തീ കോരിയിട്ടു. ദൂരെ നിന്ന് കണ്ടു എങ്കിലും റോത്താങ് പാസ്സിലേക്കു കയറി മഞ്ഞിൽ നിന്നുള്ള പടം പിടുത്തം ഒരു മോഹമായി തന്നെ അവശേഷിച്ചു.

”നോർവേയിൽ ഒരു പുതിയ പൊജെക്റ്റ്‌ ഉണ്ട്. അവിടുത്തെ പ്രധാന ബാങ്കിൽ ആണ് പണി. താല്പര്യമുണ്ടോ ?” ജോലി ചെയുന്ന സ്ഥാപനത്തിൽ നിന്നും മാനേജരുടെ ചോദ്യം . ഞാൻ ഗൂഗിൾ പരതി. പാതിരാ സൂര്യന്റെ നാട് എന്ന് കേട്ടിട്ടുണ്ട് എങ്കിലും നോർവെയുടെ തലസ്ഥാനം “ഓസ്ലോ ” എന്ന് കേട്ടപ്പോൾ ഏതോ അന്യഗ്രഹം ആണെന്ന് എനിക്ക് മാത്രമാണോ തോന്നിയത് ഞാൻ സംശയിച്ചു. സംശയങ്ങൾ എല്ലാം ദൂരീകരിച്ചു അങ്ങനെ മഞ്ഞിൽ പുതച്ച ഒരു ഫെബ്രുവരി മാസത്തിലെ വാലെന്റൈൻ ദിവസം ഞാൻ ഓസ്ലോ നഗരത്തിൽ കാലു കുത്തി. മഞ്ഞിൽ നിന്ന് അറഞ്ചം പുറഞ്ചം പടമെടുത്തു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.

ഇന്നാട്ടിൽ ഏതാനും വർഷം ജീവിച്ചപ്പോൾ മനസിലായത് ആദ്യത്തെ ഒരു ആവേശമൊക്കെ കഴിഞ്ഞാൽ പിന്നെ മഞ്ഞു ഒരു ശല്യക്കാരൻ തന്നെയാണ്. മൈനസ് പതിനെട്ടും ഇരുപതും ഒക്കെ മാറി വേനൽ വരുവാനുള്ള കാത്തിരിപ്പാണ്. വര്ഷങ്ങള്ക്കു മുൻപ് എങ്ങനെ മഞ്ഞിനായി കാത്തിരുന്നുവോ അതിലും ആവേശത്തോടെയാണ് ഇന്ന് സൂര്യനായുള്ള കാത്തിരിപ്പ്. പുള്ളി ചൂടൻ ആണെങ്കിലും അകമേ കൂൾ ആണ് ഒരു പോസറ്റീവ് വൈബ് ആണ്. ഇന്ന് എന്നെ സംബന്ധിച്ച് മഞ്ഞിനേക്കാളും സുന്ദരനാണ്..

ഇന്നത്തെ പ്രഭാതം

കുളിരു കോരുന്ന ജനുവരി മാസത്തിൽ ജനാലയിലൂടെ മഞ്ഞും നോക്കി ഇരിക്കുമ്പോൾ ഇത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ ഒരു സമാധാനമില്ല. എന്തൊക്കെ പറഞ്ഞാലും എന്റെ മഞ്ഞു മോഹങ്ങൾക്ക് കടപ്പെട്ടിരിക്കുന്നത് തോറ്റ പരീക്ഷ എഴുതുവാൻ എന്നെ പട നയിപ്പിച്ച സേനാധിപതി സാറിനോട് ആണോ അതോ സാറിനെ എന്നിലേക്കടുപ്പിച്ച നൻപൻ പട്ടാഭിസീതാരാമൻ ആണോ അതോ ഹോസ്റ്റലിൽ ഭക്ഷണം വിളമ്പിയ പടയപ്പയോ അതുമല്ല മഞ്ഞ്‌ കാണേണം എന്ന എന്റെ അടങ്ങാത്ത മോഹമോ ?

എല്ലാവര്ക്കും ഒരു കുളിരൻ ദിനം ആശംസിക്കുന്നു

#snow #journeywithginu

Featured

ഉപേക്ഷിക്കപ്പെട്ട ഓരോ കെട്ടിടവും നൊർവയിലെ ഈ പുസ്തക പട്ടണത്തിലെ ഒരു പുസ്തകശാലയാണ്,

പൊതുവെ സ്കാൻഡിനേവിയയിൽ‌ ധാരാളം മനോഹരമായ ലൈബ്രറികളുണ്ട്. എന്നാൽ 280 കുടുംബങ്ങൾ മാത്രം താമസിക്കുന്ന നോർവെയിലെ അതിമനോഹരവും ചെറിയ പട്ടണങ്ങളിൽ ഒന്നുമായ മുണ്ടലിൽ എങ്ങും എവിടെയും പുസ്തക ശാലകളാണ് ഉപയോഗിച്ച 150,000-ത്തിലധികം പുസ്തകങ്ങൾ വിവിധ കെട്ടിടങ്ങളിൽ പ്രദർശിപ്പിച്ചിരിക്കുന്നു.,

ഈ ആശയം കടം കൊണ്ടത് 1960 കളിൽ ബ്രിട്ടനിലെ, വെയിൽസിലെ ഹേ-ഓൺ-വൈ എന്ന ചെറിയ ഗ്രാമത്തിൽ നിന്നുമാണ്. ഗ്രാമത്തിൽ ഉപേക്ഷിക്കപ്പെട്ട സിനിമ തീയറ്റർ ആയിരക്കണക്കിന് സെക്കൻഡ് ഹാൻഡ് പുസ്തകങ്ങൾ കൊണ്ട് നിറക്കാൻ ഒരു നാട്ടുകാരന് തോന്നിയ ആശയം .പിന്നീട് കൂടുതൽ പുസ്തക ശാലകൾ വരികയും അവിടുത്തെ ജനങ്ങളുടെ ഒരു ഉപജീവന മാർഗ്ഗമായി പുസ്തകങ്ങൾ മാറുകയും ചെയ്തു.

1988 മുതൽ ഹേ-ഓൺ-വൈ ഒരു സാഹിത്യോൽസവത്തിന് സാക്ഷ്യം വഹിക്കുകയും ഇന്നത് ഡെയ്ലി ടെലഗ്രാഫ് പത്രം സ്പോൺസർ ചെയ്യുന്ന ഒരു വലിയ മേളയായി മാറുകയും ചെയ്തു.ഏതാണ്ട് എൺപതിനായിരത്തോളം ആളുകളെ എല്ലാ വർഷവും മെയ്ജൂൺ മാസത്തിൽ നടക്കുന്ന 10 ദിവസത്തെ ഈ മേളയിലേക്ക് ആകർഷിക്കുന്നു.

2019 ൽ നടത്തിയ പഠനം സൂചിപ്പിക്കുന്നത് എതാണ്ട് 83 ദശലക്ഷം പൌണ്ട് ഹേ-ഓൺ-വൈ എക്കണോമിയിലേക്ക് ഈ പുസ്തകകച്ചവടം കഴിഞ്ഞ പത്തു വർഷത്തിൽ നൾകി കഴിഞ്ഞു എന്നാണ്.

ലോകമെമ്പാടും ഉപയോഗം കഴിഞ്ഞ കോടി കണക്കിന് പുസ്തകങ്ങൾ കെട്ടി കിടപ്പുണ്ട്. ഇ -?ബുക്കിന്റെ വരവോടു കൂടി പഴയ ബുക്കുകൾക്കു ആവശ്യക്കാരില്ലാതെ ആയി. എന്നാൽ മുണ്ടൽ എന്ന നോർവീജിയൻ നഗരം അതിനൊരു മാറ്റം കൊണ്ടുവരാൻ ശ്രമിക്കുകയാണ്. മുണ്ഡലിലെ മുക്കിലും മൂലയിലും സൂപ്പർ മാർക്കറ്റുകളിലും പോസ്റ്റ് ഓഫീസിലും എന്ന് വേണ്ട ബോട്ട് കയറാൻ ഇരിക്കുന്ന വെയ്റ്റിംഗ് റൂമിലും പുസ്തകങ്ങൾ നിറച്ചിരിക്കുന്നു. ഇവിടം സന്ദർശിക്കുന്ന ആളുകൾക്ക് (സത്യസന്ധത വേണം ട്ടോ ) 10 നോർവീജിയൻ ക്രോനെർ (85 രൂപ) അവിടെയുള്ള ബോക്സിൽ നിക്ഷേപിച്ചു അതി മനോഹരമായ മുണ്ഡലിന്റെ പ്രകൃതി ഭംഗി ആസ്വദിച്ച് ഒരു കാപ്പിയും കുടിച്ചു ബുക്ക് വായിക്കാം.

ചിത്രങ്ങൾക്ക് കടപ്പാട് : Den norske bokbyen

Featured

സങ്കടത്തിന്റെ കൊറോണകാലത്തു ശാന്തിയുടെയും സമാധാനത്തിന്റെയും മഞ്ഞണിഞ്ഞ ക്രിസ്തുമസ് ..

കഴിഞ്ഞ ഒരു മാസത്തോളം ഇരുള് മൂടിയ നാളുകൾ ആയിരുന്നു. സൂര്യൻ നവംബർ 22 നു അപ്രത്യക്ഷം ആയതാണ്. ഡിസംബർ പകുതിയോളം സൂര്യൻ ഇല്ലാതെ കടന്നുപോയി . പുള്ളി ഡിസംബറിൽ വർക്ക്‌ ഫ്രം ഹോം തുടങ്ങിയിട്ട് കാലം കുറെ ആയി. നോർത്ത് സ്വീഡനിൽ പുള്ളി വർക്ക് ഫ്രം ഹോം ഏതാണ്ട് ഫെബ്രുവരി വരെ തുടരും.

ഒരുപക്ഷെ കാലാവസ്ഥ നമ്മൾ പ്രതീക്ഷിക്കുന്ന പോലെയല്ല. മഞ്ഞു പെയ്യാത്ത ഡിസംബർ മാസം സ്വീഡിഷ് ജീവിതത്തിൽ സങ്കൽപ്പിക്കാൻ ആവാത്ത ഒന്നാണ്. എന്നാൽ ഇത്തരം കഠിനമായ കാലാവസ്ഥയെയും വളരെ പോസിറ്റീവ് ആയി കാണുന്ന ഒരു ജനതയെ എത്ര പ്രശംസിച്ചാലും മതിയാവില്ല. മഞ്ഞും തണുപ്പും മഴയും വെയിലും ഇരുട്ടും എല്ലാം ഇവർ ഒരു ആഘോഷമാക്കി മാറ്റുകയാണ്.

ഇരുട്ടുമൂടിയ ഡിസംബറിലെ പകലുകൾക്കു ഗ്ലോഗ്ഗിന്റെയും ജിൻജർ ബ്രെഡിന്റെയും സാഫ്രോൺ ബണ്ണുകളുടെയും സുഗന്ധമാണ്.

മതങ്ങൾ ഇല്ലാത്ത നാട്ടിലെ ഏറ്റവും വലിയ ഉത്സവങ്ങളിൽ ഒന്നാണ് ക്രിസ്തുമസ്. ക്രിസ്തുമസിന്റെ ഒരുക്കങ്ങൾ ഡിസംബർ ആദ്യ ഞായറാഴ്ചയോടു കൂടി ആരംഭിക്കുന്നു. ആഡ്വെന്റ്‌ ഞായർ തുടങ്ങുന്നത് ഒരു മെഴുകുതിരി കത്തിച്ചുകൊണ്ടാണ്. ഇരുണ്ട നാളുകളിലെ പ്രതീക്ഷയുടെ തിരിനാളം..!! അങ്ങനെ നാലാമത്തെ ഞായർ തിരി തെളിഞ്ഞാൽ പിന്നീടു ഒരു തിരിതെളിക്കൽ ഉണ്ടാവില്ല കാരണം അടുത്തത് ക്രിസ്തുമസ് ആണ്.

ഡിസംബർ മാസം പതിമൂന്നാം തീയതി ലൂസിയ ഡേ മറ്റൊരു പ്രതീക്ഷയുടെ തിരിനാളമാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരം. ഒരുപക്ഷെ സ്വീഡനിലെ ഏറ്റവും ദൈർഖ്യമേറിയ രാവ് ലൂസിയ ഡേയ്ക്ക് സ്വന്തം. ആൺ കുട്ടികളും പെൺകുട്ടികളും നീളമേറിയ വെള്ള കുപ്പായം ധരിക്കുന്നു. കുടുംബത്തിലെ മുതിർന്ന ഒരു പെൺകുട്ടി അതിരാവിലെ ലൂസിയ വേഷം ധരിക്കുന്നു .

തലയിൽ മെഴുകുതിരികൾ കത്തിച്ച കിരീടം വെച്ച് ലൂസിയ ഗാനവും ആലപിച്ചു മുൻപേ നടക്കുന്നു . പിന്നിലായി വെള്ള കുപ്പായം ധരിച്ച കുട്ടികൾ നക്ഷത്ര വിളക്കുമായി.

മുൻപ് ലൂസിയയെ തിരഞ്ഞെടുക്കാൻ സ്‌കൂളുകൾ മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു.മനുഷ്യരെ റാങ്ക് ചെയ്യുന്നതിൽ താല്പര്യം ഇല്ലാത്ത സ്വീഡിഷ് ജനത ലൂസിയയെ തിരഞ്ഞെടുക്കാൻ മത്സരവും വോട്ട് എടുപ്പും വേണ്ട എന്ന് വെച്ചിട്ടു വർഷങ്ങൾ ഏറെ ആയി. സ്വീഡനിലെ സ്‌കൂളുകളിൽ ലൂസിയയെ തിരഞ്ഞെടുക്കാൻ ഇന്ന് നറുക്കെടുപ്പാണ് നടത്തുന്നത്.

ലൂസിയ ദിനം സാഫ്രോൺ ബണ്ണുകളുടെയും ഗ്ലൊഗ്‌ (mulled wine) ഒരാഘോഷ ദിനമാണ്. ഇതുരണ്ടും കഴിക്കാതെ സ്വീഡിഷ് ലൂസിയ ഡേ പൂര്ണമാകില്ലെന്നു ചുരുക്കം.

ക്രിസ്തുമസ് കുട്ടികൾക്കും മുതിർന്നവർക്കും ആഘോഷ നാളുകൾ ആണ്. എന്ത് മനോഹാരിതയാണ് ഡിസംബറിലെ പകലുകൾക്കു. എങ്ങും എവിടെയും വൈദ്യുത ദീപാലങ്കാരങ്ങളും നക്ഷത്ര വിളക്കുകളും. ക്രിസ്തുമസ് മാർക്കറ്റുകൾ ഓരോ പട്ടണത്തിന്റെയും ക്രിതുമസ് നാളുകൾക്കു ഉണർവ് നൽകുന്നു.

ക്രിസ്തുമസ് ട്രീ ഇല്ലാതെ സ്വീഡിഷ് ക്രിസ്തുമസ് സങ്കല്പിക്കാനാവില്ല. നമ്മുടെ ട്രീകൾ പ്ലാസ്റ്റിക്കിനു വഴി മാറിയപ്പോൾ സുസ്ഥിരതയിൽ വിശ്വസിക്കുന്ന നല്ലൊരു വിഭാഗം സ്വീഡിഷ് ജനത ഇന്നും മരങ്ങൾകൊണ്ടുള്ള ചെറിയ ക്രിസ്തുമസ് ട്രീകൾ വീടുകളിൽ അലങ്കരിക്കുന്നു. ഡിസംബർ മാസത്തിൽ ഒട്ടുമിക്ക സ്വീഡിഷ് പട്ടണങ്ങളിലും ഇത്തരം ട്രീകളുടെ വില്പന തകൃതിയായി നടക്കുന്നു

ക്രിസ്തുമസ് ഒത്തുചേരലിന്റെ നാളുകൾ ആണ്. ഡിസംബർ മാസം 24 നു കുടുംബാംഗങ്ങൾ എല്ലാം ഒത്തുചേർന്നു ഭക്ഷണം കഴിക്കുന്നു. സ്നേഹത്തിന്റെ സമ്മാനങ്ങൾ കൈമാറുന്നു. പല സ്വീഡിഷ് കുടുംബങ്ങളിലും സാന്താ ക്ളോസ് നേരിൽ വന്നു സമ്മാനങ്ങൾ നൽകുന്നു . ഒരുപക്ഷെ ഗൃഹനാഥനോ ഗൃഹനാഥയോ മുൻപേ ചുമതലപ്പെടുത്തിയ ഒരു അയൽക്കാരൻ ആകാം സ്നേഹ സമ്മാനങ്ങളുമായി ക്രിസ്തുമസ് അപ്പൂപ്പന്റെ വേഷത്തിൽ എത്തുന്നത്.അല്ലെങ്കിൽ ടോംന്റെ (സാന്ത പോലത്തെ വേഷം) കെട്ടിയ ഗൃഹനാഥൻ കുടുംബാംഗങ്ങൾക്കെല്ലാം സമ്മാനങ്ങൾ വിതരണം ചെയ്യുന്നു

“Donald Duck and his friends wish you a Merry Christmas.” ക്രിസ്തുമസ് ദിനത്തിൽ മൂന്നു മണിക്ക് കുടുംബാംഗങ്ങൾ എല്ലാവരും ഒന്നിച്ചിരുന്നു ഡൊണാൾഡ് ഡക്ക് കാർട്ടൂൺ കാണുന്നു. 1950 മുതൽ സ്വീഡനിലെ നാഷണൽ ടെലിവിഷൻ ആരംഭിച്ച ക്രിസ്തുമസ് ദിന സ്പെഷ്യൽ പ്രോഗ്രാം ഇന്നും മുടങ്ങാതെ ഇവിടുത്തുകാർ എല്ലാ വർഷവും കാണുന്നു. എല്ലാ ഓണത്തിനും ടിവിയിൽ “വല്യേട്ടൻ “ സിനിമ കണ്ടു മടുത്ത നമ്മൾ സ്വീഡൻകാരെ കണ്ടു പഠിക്കേണം എന്ന് ചുരുക്കം.

മഞ്ഞും തണുപ്പും ഇല്ലാത്ത ഒരു ക്രിസ്തുമസ് ആഘോഷം സ്വീഡനിൽ സങ്കല്പിക്കാവില്ല. കഴിഞ്ഞ ഏതാനും വർഷങ്ങൾ ആയി ക്രിസ്തുമസ് ദിനത്തിൽ മഞ്ഞു പെയ്യാറില്ല .

എന്നാൽ ഇത്തവണ മഞ്ഞിൽ കുളിച്ച ഒരു കുളിരൻ ക്രിസ്തുമസ് ആയിരുന്നു. സങ്കടത്തിന്റെ കൊറോണകാലത്തു ശാന്തിയുടെയും സമാധാനത്തിന്റെയും മഞ്ഞണിഞ്ഞ ക്രിസ്തുമസ് ..

God Jul ❤️

#christmas #sweden

Featured

നന്ദി മരം ..❤️❤️

രണ്ടാം ലോക മഹായുദ്ധത്തിൽ ബ്രിട്ടൻ നോർവെയെ 🇳🇴 സഹായിച്ചതിനു പ്രത്യുപകാരമായി എല്ലാ വർഷവും ക്രിസ്മസ് കാലത്തു നോർവേ ഒരു മരം ബ്രിട്ടന് അയച്ചുകൊടുക്കുന്ന പതിവുണ്ട്.

ബ്രിട്ടനിലെ Trafalgar Squareൽ എല്ലാ വർഷവും ഡിസംബർ ആദ്യം മുതൽ ജനുവരി ആറു വരെ ഈ നോർവീജിയൻ ക്രിസ്മസ് ട്രീ ഇങ്ങനെ തല ഉയർത്തി നിൽക്കും.1947 മുതലാണ് ഈ ആചാരം തുടങ്ങിയത്.

ഈ വർഷത്തെ മരം ലണ്ടൻ യാത്രക്ക് തയാറായി കഴിഞ്ഞു…

ചിത്രം : ഓസ്ലോ മുനിസിപ്പാലിറ്റി
യൂട്യൂബ് ചാനൽ : journeywithginu

#malayalam #norway #christmas

Featured

മടങ്ങി വരില്ലേ പ്രിയ നഗരമേ …!!

ലോകമെമ്പാടും കൊറോണ മരണത്തിന്റെ കണക്കെടുപ്പിലാണ് ഭരണകൂടങ്ങൾ. എങ്ങനെ ഈ മഹാ മാരിയെ തുടച്ചുനീക്കും എന്ന് ഒരു എത്തും പിടിയും കിട്ടാതെ വലയുകയാണ് ലോക ജനത. സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്ഹോമിൽ ഇരുന്നു ഇത് കുത്തിക്കുറിക്കുമ്പോൾ വീടിന്റെ നാല് ചുവരുകൾക്കു പുറത്തു കടന്നിട്ടു നാളേറെയായി.ഇന്നല്ലെങ്കിൽ നാളെ കൊറോണ തേടിയെത്തുമെന്ന യാഥാർഥ്യത്തോട് ഏകദേശം പൊരുത്തപ്പെട്ടു കഴിഞ്ഞു.

ഒളിമ്പിക്സ് മെഡൽ പട്ടികയെ ഓർമിപ്പിക്കുന്ന തരത്തിലാണ് കൊറോണ വ്യാപനത്തിന്റെ ദിവസ കണക്കുകൾ അടങ്ങുന്ന വെബ്സൈറ്റ് എന്നും പരതുന്നത്. സ്കെഡിനേവിയൻ രാജ്യങ്ങളായ നോർവെയും സ്വീഡനും ഡെന്മാർക്കും എല്ലാം ലോക ഭൂപടത്തിൽ എങ്ങനെ ചേർന്ന് കിടക്കുന്നുവോ അതുപോലൊക്കെ തന്നെയാണ് കൊറോണ വ്യാപന പട്ടികയിലും ഇടം പിടിച്ചിരിക്കുന്നത്. എല്ലാ ദിവസവും രാവിലെയും വൈകിട്ടും കൊറോണ മരണ നിരക്കും വ്യാപനത്തിന്റെ തോതും പരതുമ്പോൾ ആദ്യം കണ്ണുടക്കുന്നത് ഇറ്റലിയിലാണ്.കൊറോണ വ്യാപനത്തെ അലക്ഷ്യമായും ലാഘവത്തോടു കൂടിയും കൈകാര്യം ചെയ്ത ഒരു ജനത ഇന്ന് അനുഭവിക്കുന്ന കഷ്ടപ്പാടുകൾ ഒരുപക്ഷെ ലോക ജനതയ്ക്ക് തന്നെ ഒരു ഓർമ്മപ്പെടുത്തൽ ആവുന്നതിൽ അല്പം പോലും അതിശ്ചയോക്തി ഇല്ല. പട്ടികയിൽ ഇറ്റലിയോട് ചേർന്ന് കിടക്കുന്നതും യൂറോപ്പിലെ തന്നെ കൊറോണ വ്യാപനതോത് കണക്കാക്കിയാൽ രണ്ടാം സ്ഥാനത്തു നിൽക്കുന്നതും സ്പെയിൻ ആണ്.

സ്പെയിൻ എന്ന രാജ്യത്തിലേക്ക് ഞാൻ ആദ്യമായി യാത്ര ചെയ്യുന്നത് കൃത്യമായി പറഞ്ഞാൽ ഒന്നര മാസം മുൻപാണ്.സ്പെയിനിലെ മാഡ്രിഡ് നഗരത്തിൽ ഒരു 3 ദിവസം ചിലവഴിക്കുവാനും ഒരു അവസരം ഉണ്ടായി. വിനോദ സഞ്ചാര ഉദ്ദേശത്തോടു കൂടിയല്ല മാഡ്രിഡിൽ പോയതെങ്കിലും ഒരു ദിവസം കൊണ്ട് മാഡ്രിഡ് നഗരം ചുറ്റി നടന്നു കാണുവാൻ ഒരു അവസരവും കൈവന്നു. പൊതുവെ ഇരുട്ടും തണുപ്പും നിറഞ്ഞ സ്കാന്ഡിനേവിയൻ തണുപ്പുകാലത്തിൽ നിന്നും യാത്ര ചെയ്തത് കൊണ്ടാവാം മാഡ്രിഡ് നഗരം എന്നെ വളരെ അധികം അതിശയിപ്പിച്ചു. നിറഞ്ഞ സൂര്യ പ്രകാശവും സദാ ചലിച്ചുകൊണ്ടിരിക്കുന്ന തെരുവുകളും ഉണ്ടാക്കിയ പ്രസരിപ്പ് മാഡ്രിഡ് നഗരത്തോട് എന്നെ നന്നായി അടുപ്പിച്ചു.

മാഡ്രിഡ് നഗരത്തെ പറ്റി പറഞ്ഞാൽ ആദ്യം എന്നെ ആകർഷിച്ചത് അവിടുത്തെ ഭക്ഷണ രീതികളാണ്. സ്കെഡിനേവിയയിൽ നിന്നും വിഭിന്നമായി പൊതുവെ താമസിച്ചു ഭക്ഷണം കഴിക്കുന്ന ഇവിടുത്തെ ലഞ്ച് സമയം മൂന്നിനും നാലിനും ഇടയിലാണ്. ഡിന്നർ ആകട്ടെ രാത്രി പത്തിനും പതിനൊന്നിനും ഇടയിൽ. ഇവിടുത്തെ ഭക്ഷണ രീതിയിൽ ഏറ്റവും ആകർഷണമായി തോന്നിയത് തപസ് ആണ്. അതായതു ഏതെങ്കിലും മെയിൻ ഡിഷിന്റെ ഒരു ചെറിയ പോർഷൻ. ഒരു പക്ഷെ നമ്മുടെ നത്തോലി വറുത്തത് ആവാം അല്ലെങ്കിൽ സ്ക്വിഡ് എണ്ണയിൽ പൊരിച്ചതാവാം എന്തുമാവട്ടെ 3-4 യൂറോ നൽകിയാൽ നമുക്ക് അത്യാവശ്യം വയറു നറയുന്ന വിഭവങ്ങൾ ആണ് ഈ തപസ്സിൽ ഉൾപ്പെടിത്തിയിരിക്കുന്നത്.

ഒരു കാലത്തു സ്പാനിഷ് കോളനികൾ ആയിരുന്ന പല ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നും ധാരാളം ആളുകൾ ഇന്ന് മാഡ്രിഡ് പോലുള്ള നഗരങ്ങളിൽ ജോലി സംബന്ധമായി എത്തിയിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷ കഴിഞ്ഞാൽ ഒരുപക്ഷെ ലോകത്തു ഏറ്റവും ആളുകൾ സംസാരിക്കുന്ന സ്പാനിഷ് ഭാഷ അനായാസേന കൈകാര്യം ചെയ്യുന്നതാവാം അവരെ ഇവിടേയ്ക്ക് ആകർഷിക്കുന്നത്.

മാഡ്രിഡ് ഫുട്ബാൾ പ്രേമികളുടെ സ്വപ്നനഗരി ആണെങ്കിലും ഫുട്ബോളിൽ അത്ര കമ്പമില്ലാത്തതുകൊണ്ടോ എന്തോ സ്റ്റേഡിയം സന്ദർശനം തുടങ്ങിയ കലാ പരിപാടികൾക്ക് ഞാൻ മുതിർന്നില്ല. അതിന്റെ മറ്റൊരു കാരണം മാഡ്രിഡ് നഗരം ചുറ്റി നടന്നു കാണുവാൻ എനിക്ക് ആകെ ഉള്ളത് ഒരു ദിവസം മാത്രമാണ്. അതുകൊണ്ടു തന്നെ പല പ്രധാന ആകര്ഷണങ്ങളും കണേണ്ട എന്ന് വെക്കുകയല്ലാതെ വേറെ നിവർത്തിയില്ല.

വേഗത്തിൽ മാഡ്രിഡ് നഗരം ചുറ്റി കാണുവാൻ എളുപ്പവഴി ഒരു വാക്കിങ് ടൂർ ആണെന്ന തിരിച്ചറിവിൽ ഞാൻ അതൊരെണ്ണം മുൻകൂട്ടി തന്നെ ബുക്ക് ചെയ്തിരുന്നു . ഫ്രീ വാക്കിങ് ടൂർ എന്നൊക്കെ പറയപ്പെടുന്ന ഈ പരിപാടി യൂറോപ്പിലെങ്ങും പ്രചാരത്തിലുള്ളതാണ്. നമ്മളെ സ്ഥലങ്ങൾ ഒക്കെ ചുറ്റിനടന്നു കാണിച്ചതിന് ശേഷം നമുക്ക് ഇഷ്ടമുള്ള തുക ഗൈഡിന് ടിപ്പ് ആയി നൽകുന്ന ഒരു പരിപാടിയാണ് ഫ്രീ വാക്കിങ് ടൂർ.

പ്ലാസ മേയർ എന്ന ഒരു ചത്വരത്തിന്റെ ഒത്ത നടുവിൽ ഗൈഡ് മുൻ നിശ്ചയ പ്രകാരം കുടയും പിടിച്ചു സ്ഥാനം പിടിച്ചിട്ടുണ്ട്.മാഡ്രിഡ് നഗരത്തിന്റെ ഹിസ്റ്ററിയും ജോഗ്രഫിയും ഒക്കെ അരച്ചു കലക്കി കുടിച്ചിട്ടാണ് ഗൈഡിന്റെ വരവ്. അടുത്ത മൂന്ന് മണിക്കൂർ മാഡ്രിഡ് നഗരത്തെ പറ്റി ഗൈഡ് നമുക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ തള്ളി മറിക്കും. എന്നെ കൂടാതെ രണ്ടു ഡച്ചുകാരും ഒരു അമേരിക്കൻ യുവതിയും പിന്നെ ഒരു കാനഡക്കാരനും ആണ് ടൂർ അംഗങ്ങൾ.

പ്ലാസ മേയർ സ്‌ക്വയറിന്റെ വിശേഷണങ്ങൾ ആണ് ആദ്യം തുടങ്ങിയത്. യൂറോപ്പിലെങ്ങും കാണപ്പെടുന്നതാണ് ഇത്തരത്തിലുള്ള സ്‌ക്വയറുകൾ.പതിനേഴാം നൂറ്റാണ്ടിൽ ഫിലിപ്പ് മൂന്നാമന്റെ കാലത്തു പണി തീർത്ത ഈ സ്‌ക്വയർ പല തീപിടുത്തതിനും പുതുക്കി പണിയലിനും വിധേയമായി.ഒരു കാലത്തു ഒരു മാർക്കറ്റ് ആയി ഉപയോഗിച്ചിരുന്ന പ്ലാസ മേയർ ഇന്ന് മാഡ്രിഡ് സന്ദര്ശിക്കുന്നവരുടെ മാത്രമല്ല സ്പെയിനിലെ തന്നെ ഒരു പ്രധാന ആകർഷണ സ്ഥലങ്ങളിൽ ഒന്നാണ്. പല ഒത്തുചേരലുകൾക്കും കിരീട ധാരണ ചടങ്ങുകൾക്കും സാക്ഷ്യം വഹിച്ച ഈ സ്‌ക്വയർ നൂറ്റാണ്ടുകളായി മാഡ്രിഡിലെ ക്രിസ്മസ് മാർക്കറ്റിന്റെ വേദിയുമാണ്.

ഗൈഡ് ഞങ്ങടെയും കൊണ്ട് നടക്കുകയാണ്. ഒരുപക്ഷെ ഒന്നുകിൽ പറഞ്ഞിരിക്കുന്ന സമയം കഴിയേണം അല്ലെങ്കിൽ നിർത്താൻ പറയേണം അല്ലാതെ ഗൈഡിന്റെ ആവനാഴിയിലെ കഥകൾ തീരുമെന്ന് എനിക്ക് യാതൊരു പ്രതീക്ഷയും ഇല്ല. ഗൈഡ് ഞങ്ങളെയും കൂട്ടി ലോകത്തിലെ ഏറ്റവും പഴക്കമുള്ള റെസ്റ്റോറെന്റിന്റ മുന്നിൽ നിലയുറപ്പിച്ചു.

ഒരുപക്ഷെ നമ്മുടെ നാട്ടിൽ ഏറ്റവും പഴക്കമുള്ള ഭക്ഷണം പിടിച്ചെടുത്തു എന്ന വാർത്തകൾ വായിച്ചിട്ടുള്ളത് കൊണ്ടാവാം സംഭവം ക്ലിക്ക് ആകുവാൻ എനിക്കല്പം സമയം വേണ്ടിവന്നു. “സോബ്രിനോ ഡി ബോട്ടൺ” റെസ്റ്റോറാന്റിന്റെ മുൻപിലാണ് ഞങ്ങൾ ഇപ്പോൾ. 1725 ൽ ഫ്രഞ്ച്കാരനായ ജീൻ ബോട്ടിനും ഭാര്യയും ചേർന്നാണ് ഈ റെസ്റ്റോറന്റ് സ്ഥാപിച്ചത്, ഇതിനെ ആദ്യം “കാസ ബോട്ടൻ ” എന്നാണ് വിളിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ മരുമകൻ കാൻഡിഡോ റെമിസ് പിന്നീട് ഇത് ഏറ്ററെടുത്തു , സോബ്രിനോ ഡി ബോട്ടൺ എന്നു പേര് മാറ്റി.ലോകത്തിലെ പഴക്കമുള്ള റെസ്റ്റോറെന്റിന് ഗിന്നസ് ലോക റെക്കോർഡ് സോബ്രിനോ ഡി ബോട്ടണ് സ്വന്തമാണ്.

മൂന്ന് മണിക്കൂർ ആണ് ഞങ്ങളുടെ ഗൈഡഡ് ടൂർ. സാൻ മിഗെൽ മാർക്കറ്റ് ഈ റെസ്റ്റോറെന്റിനോട് അടുത്ത് തന്നെ ആയിരുന്നു. ഒരു കാലത്തു ഒരു ക്രിസ്ത്യൻ പള്ളി ആയിരുന്ന സ്ഥലം പള്ളി തീപിടുത്തതിൽ നശിച്ചതിനു ശേഷം പിന്നീട് അവിടം ഒരു മാർക്കറ്റ് ആയി മാറി. എന്നാൽ മാഡ്രിഡ് നഗരത്തിന്റെ ടൂറിസം സാദ്ധ്യതകൾ മനസിലാക്കിയ ചില പ്രൈവറ്റ് ഇൻവെസ്റ്റർസ് ഈ സ്ഥലം ഒരു ഫുഡ് മാർക്കറ്റ് ആക്കി മാറ്റി. ഒരുപക്ഷേ സ്പെയിനിലെ തന്നെ ഏറ്റവും വൈവിധ്യമാർന്ന തപസ്സുകളുടെ ഒരു ശേഖരം തന്നെയാണ് അവിടെ ഒരുക്കിയിരിക്കുന്നത് . മാർക്കറ്റ് ചുറ്റി നടന്നു കണ്ടതിനു ശേഷം ഗൈഡ് ഞങ്ങളെ അൽമുദേന കത്തീഡ്രലും മാഡ്രിഡിലെ രാജ കൊട്ടാരവും ചുറ്റി നടന്നു കാണിച്ചു. ഗൈഡഡ് ടൂറിൽ അതിനകത്തേക്കുള്ള പ്രവേശനം ഉൾപ്പെടുത്തത് കൊണ്ട് പുറമെ നിന്ന് കാഴ്ച കണ്ടു തൃപ്തി പെടേണ്ടി വന്നു.

മാഡ്രിഡിലെ ഓപ്പേറ ഹൌസീനും ഒരു പ്രത്യേകതയുണ്ട്. പണി കഴിഞ്ഞു വന്നപ്പോൾ അതിന്റെ ആകെ മൊത്തം ഷെയ്പ് ഒരു ശവപ്പെട്ടി ആകൃതി ആയി എന്നത് യാദൃശ്ചികം മാത്രം.

ഗൈഡഡ് ടൂറിന്റെ സമയം ഏകദേശം കഴിയാറായി വരുന്നു അവസാനമായി മാഡ്രിഡ് സിറ്റിയുടെ ഔദ്യോഗീക സിംബൽ കാണുവാനാണ് ഞങ്ങളുടെ പുറപ്പാട്. സ്ട്രോബെറി മരത്തിനോട് ചേർന്ന് നിൽക്കുന്ന കരടി കുട്ടൻ ആണ് മാഡ്രിഡ് നഗരത്തിന്റ സിംബൽ. കഥകളെല്ലാം കേട്ട് ഗൈഡിനോട് യാത്ര പറഞ്ഞു കഴിഞ്ഞപ്പോൾ വയറ്റിൽ ഒരാനയെ തിന്നാൻ ഉള്ള വിശപ്പുണ്ട്. ഞാൻ നേരെ സാൻ മിഗെൽ മാർക്കറ്റിലേക്ക് വെച്ച് പിടിച്ചു. ഇനിയും മാഡ്രിഡ് നഗരത്തിൽ ഏതാനും മണിക്കൂറുകൾ മാത്രം. മുന്നിലുള്ള ഓപ്ഷൻസ് പ്രാഡോ മ്യൂസിയം അല്ലെങ്കിൽ ഈജിപ്ഷ്യൻ ടെമ്പിൾ. അങ്ങനെ ഞാൻ ഈജിപ്തിനു പുറത്തുള്ള ഈജിപ്ഷ്യൻ ടെമ്പിൾ സന്ദർശിക്കുവാൻ തീരുമാനിച്ചു.

ദെബോഡ് (debod) ദേവന്റെ പേരിലുള്ള ഈ ടെമ്പിൾ 1968ൽ ഈജിപ്റ്റിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ തങ്ങളുടെ ചരിത്ര സ്മാരകങ്ങൾ സംരക്ഷച്ചതിനു പ്രത്യുപകാരമായി സ്പാനിഷ് സർക്കാരിന് സമ്മാനിച്ചതാണ്. ലോകത്തിൽ ഈജിപ്തിന് പുറത്തു ആകെ മൊത്തം നാല് ടെമ്പിളുകൾ മാത്രമേ ഉള്ളു എന്നാണ് അറിയുവാൻ കഴിഞ്ഞത്. പ്രവേശനം സൗജന്യം ആണെങ്കിലും സ്ഥല പരിമിതി മൂലം മുപ്പതു പേർക്ക് മാത്രമേ ഒരേ സമയം ടെംപിളിൽ പ്രവേശനം അനുവദിക്കുകയുള്ളു . ഈ ഒരൊറ്റ കാരണം കൊണ്ട് തന്നെ ഏകദേശം ഒരു മണിക്കൂറിലധികം ക്യൂ നിന്നാണ് അകത്തു കയറുവാൻ സാധിച്ചത്. ടെമ്പിളും കണ്ടു കഴിഞ്ഞപ്പോൾ സൂര്യൻ നാളെ വരാം എന്ന് പറഞ്ഞു ടാറ്റ തന്നു സ്ഥലം കാലിആക്കിയിരുന്നു. തിരികെ സ്റ്റോകോമിലേക്കുള്ള വിമാനം പിടിക്കാനുള്ളതുകൊണ്ടു ഞാനും പതിയ മാഡ്രിഡ് കാഴ്ചകൾക്ക് ടാറ്റ പറഞ്ഞു.

ഇന്ന് മാഡ്രിഡ് നഗരത്തെ കൊറോണ വിഴുങ്ങിയിരിക്കുന്നു. മാഡ്രിലിലെ ജനങ്ങൾ എല്ലാം ഏതാണ്ട് വീട്ടു തടങ്കലിൽ ആണ്. ഊർജസ്വലമായ മാഡ്രിഡ് നഗരം അക്ഷരാർത്ഥത്തിൽ ഒരു പ്രേത നഗരമായി മാറിയിരിക്കുന്നു.

സ്പെയിനിനു മാത്രമല്ല എല്ലാ ലോക രാജ്യങ്ങൾക്കും ഒരു തിരിച്ചു വരവ് ആശംസിക്കുന്നു കാരണം നമുക്ക് പല പർവ്വതങ്ങളും നദികളും ആയിരിക്കാം ,എന്നാൽ നമ്മൾ ഒരേ ചന്ദ്രനെയും സൂര്യനെയും ആകാശത്തെയും പങ്കുവെക്കുന്നു.

Featured

യൂറോപിയൻ ഷോപ്പിങ്ങിൽ എങ്ങനെ പണം ലാഭിക്കാം

യൂറോപിയൻ ട്രാവൽ സീരിസ് #8

കഷ്ടപ്പെട്ട് സമ്പാദിച്ച പണം എല്ലാം കൂടി കൂട്ടിവച്ചു യൂറോപ്പിന് പോയി കഴിയുമ്പോൾ ഷോപ്പിംഗിനു പലപ്പോഴും പണം തികയാറില്ല.

ചുരുങ്ങിയ ചിലവിൽ എങ്ങനെ ഷോപ്പിംഗ് അവിസ്മരണീയമാക്കാം. എന്നെയും ഒരിക്കൽ അലട്ടിയ ഒരു ചോദ്യത്തിനാണ് ഇന്ന് ഉത്തരം തേടുന്നത്.

ആദ്യം തന്നെ നമുക്ക് ചെലവ് കുറഞ്ഞ ചില ഷോപ്പിംഗ് സ്ഥലങ്ങൾ പരിചയപ്പെടാം.

മറ്റു യൂറോപിയൻ രാജ്യങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ ചിലവ് കുറഞ്ഞ ഒരു ഷോപ്പിംഗ് തട്ടകങ്ങൾ ആണ് താഴെ പറയുന്ന നഗരങ്ങൾ.

ലിസ്ബൺ പോർച്ചുഗൽ

റിഗ ലാറ്റ്വിയ

വാർസൊ പോളണ്ട്

റ്റാലിൻ എസ്റ്റോണിയ

ബുഡാപെസ്റ് ഹംഗറി

പ്രാഗ് ചെക് റിപ്പബ്ലിക്ക്

ഇലക്ട്രോണിക് സാധങ്ങളും വിലയേറിയ തുണിത്തരങ്ങളും വാങ്ങുമ്പോൾ നമുക്ക് എങ്ങനെ പണം ലാഭിക്കാം എന്ന് പരിശോധിക്കാം.

നമ്മൾ യൂറോപ്പിൽ പോകുന്നത് വിനോദ സഞ്ചാരികൾ ആയിട്ടാണ്.യൂറോപിയൻ നിയമനം അനുസരിച്ചു വിനോദസഞ്ചാരികൾക്കു അവിടെ നിന്ന് വാങ്ങുന്ന സാധനങ്ങൾക്ക് വാറ്റ് തുക തിരികെ ലഭിക്കും.

എത്ര ചെറിയ തുകക്കും നമുക്ക് റീഫണ്ട് ലഭിക്കുമോ?

ഇല്ല ഓരോ രാജ്യത്തും മിനിമം ബിൽ തുക അവർ നിശ്ചയിച്ചിട്ടുണ്ട്. അതിൽ കുറവുള്ള ബില്ല് ആണെങ്കിൽ നമുക്ക് വാറ്റ് റീഫണ്ട് ലഭിക്കില്ല

റീഫണ്ട് ലഭിക്കുക്കുവാൻ എന്ത് ചെയ്യണം എന്ന് നോക്കാം.

ഓരോ കച്ചവട സ്ഥാപനങ്ങളും നമുക്ക് ഓരോ രീതിയിൽ ആണ് റീഫണ്ട് നൽകുന്നത് . എന്നാൽ അവർ നേരിട്ടല്ല റീഫണ്ട് നൽകുന്നത്. അവർ റീഫണ്ട് പ്രോസസ്സ് ചെയ്യുവാനായി ഓരോ ഇടനിലക്കാരുമായി കൈ കോർത്തിട്ടുണ്ട്.

അതായത് നമ്മൾ വാങ്ങുന്ന സാധനത്തിന്റെ ബില്ലിന്റെ കൂടെ വാറ്റ് റീഫണ്ട് ലഭിക്കുവാനായി നമുക്ക് മറ്റൊരു പേപ്പർ കൂടെ തരും.

അതിന്റെ കൂടെ നമ്മുടെ ഫൈനൽ ഡെസ്റ്റിനേഷൻ പാസ്പോർട്ട് നമ്പർ ഒക്കെ നൽകേണ്ടി വരും.

നമ്മൾ ആ രാജ്യം വിടുമ്പോൾ എല്ലാ പ്രധാന എയർപോർട്ടിലും ടാക്സ് റീഫണ്ട് നൽകുന്ന ഏജൻസിയുടെ ഓഫീസിൽ നിന്നും നമുക്ക് റീഫണ്ട് ലഭിക്കും.

നമ്മൾ റീഫണ്ട് ക്ലെയിം ചെയ്യുമ്പോൾ വാങ്ങിയ സാധനം കൂടി അവർ നേരിൽ കണ്ടു സാക്ഷ്യപെടുത്തിയതിനു ശേഷം മാത്രമായിരിക്കും റീഫണ്ട് നൽകുന്നത്.

നമ്മൾ യൂറോപ്പിൽ സ്ഥിര താമസക്കാർ ആണെങ്കിൽ പണം കിട്ടില്ല . അതും അവർ പരിശോധിക്കും . ഇത് വിനോദ സഞ്ചാരികൾക്കു വേണ്ടി മാത്രമാണ്.

നമ്മൾ വാങ്ങിയ സാധനം യൂറോപ്പിന് പുറത്തേക്കു കൊണ്ടുപോകേണം എന്ന് ചുരുക്കം .അതായത് ഭക്ഷണം കഴിച്ചതിന്റെ ബില്ലുമായി ആരും വരേണ്ട..!!

ഇനി റീഫണ്ട് തുക നമുക്ക് എങ്ങനെ ലഭിക്കും എന്ന് നോക്കാം .

മിക്കയിടത്തും നമുക്ക് യൂറോയിൽ ആയിരിക്കും റീഫണ്ട് ലഭിക്കുന്നത്. ക്യാഷ് ആയി വാങ്ങിയാൽ ഒരു ചെറിയ തുക അവർ സർവീസ് ചാർജ് ആയി ഈടാക്കും.ഇനി പൈസ വേണ്ടെങ്കിൽ നമ്മുടെ ക്രെഡിറ്റ് കാർഡിൽ നമുക്ക് പണം വകവെച്ചു തരും. അതിനായി ക്ലെയിമിന്റെ കൂടെ നമ്മുടെ കാർഡ് വിവരങ്ങൾ കൂടി നൽകേണ്ടി വരും എന്ന് മാത്രം.

ഇനി ചില ഏജൻസികൾക്കു ചില എയർപോർട്ടുകളിൽ ഓഫീസ് കാണില്ല.

അങ്ങനെയുള്ള ഇടങ്ങളിൽ അവിടുത്തെ കസ്റ്റംസ് നമുക്ക് ലഭിച്ച ഫോമും വാങ്ങിയ സാധനവും സാക്ഷ്യപ്പെടുത്തിയത്തിനു ശേഷം അവിടെ സ്ഥാപിച്ചിരിക്കുന്ന ബോക്സിൽ ക്രെഡിറ്റ് കാർഡ് നമ്പർ ഉൾപ്പെടെ എഴുതി നിക്ഷേപിച്ചാൽ നമ്മുടെ ക്രെഡിറ്റ് കാർഡിൽ പണം ലഭിക്കും.

എത്ര തുക നമുക്ക് റീഫണ്ട് കിട്ടും എന്ന് നോക്കാം

മുൻപ് പറഞ്ഞ റീഫണ്ട് പ്രോസസ്സ് ചെയ്യുന്ന കമ്പനികളിൽ ഒന്നാണ് ഗ്ലോബൽ ബ്ലൂ.

റീഫണ്ട് തുക അറിയുവാൻ താഴെ കാണുന്ന അവരുടെ ലിങ്ക് സഹായകരമാവും.

https://www.globalblue.com/tax-free-shopping/refund-calculator/

പലരുടെയും സ്വപ്നമാണ് നല്ലൊരു കാമറ. 100000₹ വിലയുള്ള ഒരു കാമറ വാങ്ങിയെന്നിരിക്കെട്ടെ നമുക്ക് 10000 മുതൽ 15000 രൂപ വരെ നമുക്ക് ടാക്സ് റീഫണ്ട് ലഭിക്കാം.

വിലകൂടിയ ഗാഡ്‌ജെറ്റോ അല്ലെങ്കിൽ തുണിത്തരങ്ങളോ മറ്റോ വാങ്ങുന്നതിനു മുൻപ് കടയിൽ VAT റീഫണ്ട് ഫോം ലഭിക്കുമോ എന്ന് പരിശോധിച്ചശേഷം വാങ്ങുക.

ഇനി വമ്പൻ ഷോപ്പിംഗ് ഒന്നും നടത്താതെ യൂറോപിയൻ യാത്ര എങ്ങനെ അവിസ്മരണീയമാക്കാം.

നമ്മൾ യാത്ര ചെയ്ത സ്ഥലങ്ങളിലെ സുവനീർ ഒന്ന് വാങ്ങി വെച്ചാൽ എന്നും അതൊരു ഓർമ പുതുക്കൽ ആയിരിക്കും. പലയിടത്തും 1€ മുതൽ 3€ വരെ മാത്രം നൽകിയാൽ അത്തരത്തിലുള്ള സുവനീറുകൾ ലഭിക്കും.

ഇനി ഷോപ് ചെയ്തു അടിച്ചു പൊളിക്കേണോ അതോ കീശ കാലിയാക്കാതെ യാത്രപോകേണമോ എന്നു വേഗം തീരുമാനിച്ചോളൂ..

പോസ്റ്റ് ഇഷ്ടപ്പെട്ടാൽ പേജ് ലൈക് ചെയ്യുവാനുള്ള ലിങ്ക്

https://www.facebook.com/journeywithGinu

Featured

യൂറോപിയൻ യാത്രയും , ബെർഗറിന്റെ സാമ്പത്തിക ശാസ്ത്രവും

യൂറോപിയൻ ട്രാവൽ സീരിസ് #7

സുഹൃത്ത് രാജീവ് ഒരു യൂറോപിയൻ യാത്രയെപ്പറ്റി ചിന്തിച്ചപ്പോൾ തന്നെ തല പുകക്കുവാൻ തുടങ്ങി.

ഏതൊക്കെ രാജ്യങ്ങൾ ആണ് ചെലവ് കൂടുതൽ..!!!

കീശ കാലിയാക്കാതെ ഏതൊക്കെ രാജ്യങ്ങൾ സന്ദർശിക്കാം.!!!

എല്ലായിടത്തും യൂറോ ആണോ കറൻസി അതോ വേറെ കറൻസികൾ ഉണ്ടോ…!!

 

കറൻസിയെ പറ്റി പറയുമ്പോൾ യൂറോപ്പിലെ അൻപതു രാജ്യങ്ങളിൽ ഇരുപത്തിയഞ്ചു രാജ്യങ്ങൾ യൂറോ കറൻസിയും മറ്റു രാജ്യങ്ങളിൽ തങ്ങളുടേതായ പ്രാദേശിക കറൻസിയും ആണ് പ്രചാരത്തിൽ ഉള്ളത്.

ഈ ഇരുപത്തിയഞ്ചു രാജ്യങ്ങളിൽ മിക്കയിടത്തും യൂറോ കൊടുത്താലും കാര്യം നടക്കും.

എന്നാൽ മിക്കയിടത്തും വിനിമയ നിരക്കിൽ നമുക്ക് നഷ്ടം നേരിടാം.

അതുകൊണ്ടു തന്നെ യൂറോപ്പിയൻ യാത്രയിൽ എപ്പോഴും പ്രാദേശിക കറൻസിയിൽ വിനിമയം നടത്തുവാൻ പ്രത്യേകം ശ്രദ്ധിക്കേണം.

 

രാജീവിനെപോലെ യാത്രചെയ്യുന്നവരെ എല്ലാവരെയും ഒരുപോലെ അലട്ടുന്ന ഒരു പ്രശ്‍നം ആണ് ഓരോ രാജ്യത്തെയും ചിലവ് എങ്ങനെ താരതമ്യം ചെയ്യാം എന്നത്.

പ്ലാനിങ്ങിൽ ബഹുമിടുക്കനായ രാജീവ് ചോദ്യങ്ങൾക്കെല്ലാം സിംപിൾ ആയി ഒരു ഉത്തരം കണ്ടെത്തി.അതെന്തെന്നു നമുക്ക് ഒന്ന് നോക്കാം.

 

 

“മാക്ഡൊണാൾസ്” – വരുമാനംകൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഭക്ഷണ ശൃംഖല.1940 ൽ അമേരിക്കയിൽ പിറവിയെടുത്തു.

നൂറു രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഈ ശൃംഖലയിലൂടെ  , 690 ലക്ഷം ജനങ്ങൾ   ദിവസവും തങ്ങളുടെ വിശപ്പടക്കുന്നു. ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന 38000 ഓളം വരുന്ന ഭക്ഷണശാലകൾ ആണ് ഇതിന്റെ എല്ലാം നെടുംതൂണ്‌.

 

യൂറോപ്പിലെ യാത്രയിലുടനീളം ചിലവുചുരുക്കി ഭക്ഷണം കഴിക്കുവാൻ എപ്പോഴും ആശ്രയിക്കാവുന്ന ഒന്നാണ് മക്‌ഡൊണാൾഡ്സ്.

 

മക്‌ഡൊണാൾഡ്സിന്റെ ശൃംഖലയിൽ ലോകത്തുള്ള എല്ലാ ഔട്ലെറ്റിലും ഒരുപോലെ ലഭിക്കുന്ന ഒരു പ്രധാന ഉൽപ്പന്നം ആണ് “ബിഗ് മാക്” ബർഗർ.

 

ലോകത്തിലെ പല കറൻസികൾ തമ്മിലുള്ള താരതമ്യം സാധാരക്കാരന് മനസിലാകുന്ന രീതിയിൽ രൂപപ്പെടുത്തിയ ഒരു ടൂൾ ആണ് ബിഗ് മാക് ഇൻഡക്സ് ഇൻഡക്സ്.

Purchasing-Power Parity (PPP) തിയറി ഉപയോഗിച്ച് 1986ൽ രൂപപ്പെടുത്തിയ ഒരു ഗൈഡ് ആണ് ഇത്.

 

 

ഇനി നമുക്ക് ബിഗ് മാക് ഉപയോഗിച്ച് ചിലവ് എങ്ങനെ താരതമ്യം ചെയ്യാം  എന്ന് പരിശോധിക്കാം.

താഴെ കാണുന്ന പട്ടിക നോക്കിയാൽ 2018 ലെ ബിഗ് മാക്ൻറെ ഒരു ഏകദേശ വിലനിലവാരം നമുക്ക് മനസിലാക്കുവാൻ കഴിയും.എല്ലാ വിലകളും വിനിമയ നിരക്ക് ഉപയോഗിച്ച് അമേരിക്കൻ ഡോളറിലേക്കു മാറ്റിയിട്ടുണ്ട്.

ഉദാഹരണത്തിന് ഒരു ബിഗ് മാക് നു ഇന്ത്യയിൽ ഏകദേശം 2.8 ഡോളർ ഉണ്ടെങ്കിൽ ഇന്ത്യയിലേക്കാളും കുറഞ്ഞ നിരക്കിൽ നമുക്ക് ബിഗ് മാക് കഴിക്കേണം എങ്കിൽ ഉക്രൈനിലേക്ക് വണ്ടി കയറണം.

ഇതിൽനിന്നും നമുക്ക് മനസിലാകുന്നത് ഉക്രൈനിലേക്കു യാത്ര പോയാൽ കീശ അത്രയ്ക്ക് കാലിയാവില്ല.

ഇതുകൊണ്ടൊക്കെ ആവാം നമ്മുടെ നാട്ടിൽനിന്നും മറ്റും ഉപരിപഠനത്തിനു ധാരാളം വിദ്യാർഥികൾ ഉക്രൈനിലേക്കു വിമാനം പിടിക്കുന്നത്.

 

ഇനി നമ്മുടെ യാത്ര സ്വിസ്സിലേക്കോ അല്ലെങ്കിൽ നോർവെയിലേക്കോ ആണെങ്കിൽ കീശ നിറച്ചു പണം കരുതിക്കോളൂ എന്ന് ചുരുക്കം.

 

രാജീവ് പറഞ്ഞുതന്ന ഈ “ബെർഗണോമിക്സ് ” നിങ്ങൾക്കും ഇഷ്ടപ്പെട്ടെങ്കിൽ പേജ് ലൈക് ചെയ്യുവാനുള്ള ലിങ്ക് താഴെ കൊടുക്കുന്നു.

 

https://www.facebook.com/journeywithGinu/

പറഞ്ഞാലും പറഞ്ഞാലും തീരാത്ത യൂറോപ്പിയൻ വിശേഷങ്ങൾ ഇനിയും പറയാൻ ഉണ്ട്. പോസ്റ്റ് പ്രയോജനപ്പെട്ടെങ്കിൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക

 

പുതിയ ബ്ലോഗ് പുതിയ കഥകൾ

സുഹൃത്തുക്കളെ ഈ ബ്ലോഗ് പുതിയ മട്ടും ഭാവവുമായി പുതിയ ഒരു പ്ലാറ്റ്ഫോമിലേക്ക് മാറ്റുകയാണ്. പുതിയ പേജിന്റെ അഡ്രസ്

http://readmystories.in

ഫോള്ളോ ചെയ്യുവാനും കമന്റ് ചെയ്യുവാനും മറക്കല്ലേ ❤️

പോസ്റ്റ് വായിക്കുവാൻ
പോസ്റ്റ് വായിക്കുവാൻ
പോസ്റ്റ് വായിക്കുവാൻ

കൊഴുപ്പ് ചൊവ്വാഴ്ച

ശൈത്യകാലം സ്വീഡൻ സന്ദർശിക്കുന്ന ഓരോ സഞ്ചാരിയെയും വരവേൽക്കുന്നത് ബേക്കറികളുടെയോ കഫേകളുടെയോ വിൻഡോ ഡിസ്പ്ലേകളിൽ നിറഞ്ഞിരിക്കുന്ന ക്രീം നിറച്ച ബണ്ണുകളാണ്(സെംല Semla ). എന്താണ് ഈ സെംലക്കു സ്വീഡനുമായുള്ള ബന്ധം ?.

നമുക്ക് കുറച്ചു പിന്നോട്ട് പോകാം. ഇന്ന് മതത്തിൽ നിന്നും മാറി നിൽക്കുന്ന ജനങ്ങളുടെ നാടാണ് സ്വീഡൻ എങ്കിലും വര്ഷങ്ങള്ക്കു മുൻപ് അതായിരുന്നില്ല സ്ഥിതി. ഒരു ക്രിസ്ത്യൻ രാജ്യമായിരുന്ന സ്വീഡനിൽ ക്രിസ്തു മത വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും വളരെയധികം പ്രാധാന്യം ഉണ്ടായിരുന്നു. ക്രിസ്തുവിന്റെ ക്രൂശീകരണവും ഉയിത്തെഴുന്നേൽപ്പും അതിനോട് അനുബന്ധിച്ചുള്ള വലിയ നോയമ്പും എല്ലാം ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെ പോലെ സ്വീഡനിലും കൊണ്ടടിയിരുന്ന കാലം. കഠിനമായ നോയമ്പ് തുടങ്ങുന്നതിനു മുൻപുള്ള ചൊവ്വാഴ്ച fat Tuesday ആയി സ്വീഡനിൽ എങ്ങും ആഘോഷിച്ചിരുന്ന കാലത്തു ഇത്തരത്തിലുള്ള ബണ്ണുകൾ പ്രസിദ്ധമായിരുന്നു ഇന്ന് ബണ്ണും മോഡേൺ ആയി വിപ്പ് ക്രീമും അൽമോണ്ട് ക്രീമും ഏലക്ക പൊടിയും പഞ്ചസാര പൊടിച്ചതും എല്ലാം ഇതിനു ഒരു താര പരിവേഷം ചാർത്തികൊടുത്തു.

കഴിഞ്ഞ വർഷത്തെ കണക്കുകൾ സൂചിപ്പിക്കുന്നത് ഇതേ ദിവസം ഏതാണ്ട് 60 ലക്ഷം ബണ്ണുകൾ വില്പന നടത്തി എന്നാണ് . അതായതു 100 ലക്ഷം ജനങ്ങൾ ഉള്ള ഈ കൊച്ചു രാജ്യത്തു ഏതാണ്ട് പകുതിയിലധികം ജനങ്ങൾ ഈ ആചാരം ഇന്നും അനുഷ്ഠിക്കുന്നു എന്ന് സാരം. അപ്പോൾ എല്ലാവര്ക്കും ഒരു കൊഴുപ്പ് ചൊവ്വാഴ്ച ആശംസിക്കുന്നു

നല്ല ചൂടൻ പ്രതിമ..!!

മാർഗരറ്റ ക്രൂക്ക് സ്വീഡനിലെ ഒരു അറിയപ്പെടുന്ന നടിയാണ്, 1950 ജനിച്ച ഇവർ 2002 ൽ ആന്തരിക്കുന്നതു വരെ ഡസൻ കണക്കിന് സിനിമകളിൽ അഭിനയിക്കുകയും നിരവധി തവണ സ്റ്റേജിൽ അഭിനയിക്കുകയും ചെയ്തു.

അവരുടെ ജീവിതകാലത്ത്, ബഹുമാനാർത്ഥം പ്രതിമകൾ നിർമ്മിക്കണമെന്ന നിരവധി നിർദേശങ്ങളുമായി പലരും സമീപിച്ചിരുന്നുവെങ്കിലും പ്രതിമകൾ തണുത്തതാണു എന്നും പറഞ്ഞ് അവയെല്ലാം നിരസിച്ചു. എന്നിരുന്നാലും, ക്രൂക്കിന്റെ മരണശേഷം, ഒരു പ്രതിമ വേണം എന്ന് ഇവർ അഭിനയിച്ചിരുന്ന തിയേറ്റർ ആഗ്രഹിച്ചിരുന്നു എങ്കിലും മുൻപ് ഇവർഎന്ത്കാരണംകൊണ്ടാണോപ്രതിമ നിർമ്മിക്കാഞ്ഞത് അതേകാരണംഅവരേയുംഅലട്ടി, എന്നിരുന്നാലുംപ്രതിമ എന്നആവശ്യത്തിൽനിന്നുംഅവർപിന്നോട്ട്പോയില്ല .അങ്ങനെമാർഗരിറ്റയെഅവരുടെപ്രിയപ്പെട്ട വസ്ത്രത്തിൽ പുനർനിർമ്മിച്ചു.അതും ചൂട്ടോട്കൂടി.
പ്രതിമക്ക്ഉള്ളിൽചൂട്നിലനിർത്താനായി അവർ ഒരു ഹീററ്റിങ്ങ്കോയിലും സ്ഥാപിച്ചു. അങ്ങനെ സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ക്ഹോമിലെ ആദ്യ ചൂടൻ പ്രതിമ സ്ഥാപിതം ആയി
Design a site like this with WordPress.com
Get started